Tuesday 5 May 2015

രാത്രിയായി

രാത്രിയായി
പകൽ തിന്ന ചില്ലയിൽ
കാത്തിരുന്ന കിളിക്കൂട്ടമൊക്കെയും
യാത്രയായി..
ചിലമ്പൊച്ച തോരുന്നൊ-
രമ്പലത്തറയ്ക്കപ്പുറം കാറ്റല-
ത്തോറ്റമാടിയ്ക്കിതച്ച ചെന്തെങ്ങുകൾ
തേക്കുപാട്ടേറ്റു പാടും വയലിന്റെ
പള്ളയിൽക്കേറിനിന്ന നോക്കുത്തികൾ
തോട്ടുവക്കിൽ നിലാവിൽ കുളിച്ചുനി -
ന്നീറനാം മുടി ചിക്കുന്ന കൈതകൾ
മുൾപ്പടർപ്പുകൾ പൂക്കൾ വരമ്പുകൾ
കള്ളുമോന്തും കരിമ്പനക്കാടുകൾ...
കാട്ടു പൊന്തകൾ, കണ്ണാന്തളിച്ചിരി
കാത്തിരുന്നു മടുക്കും മനസ്സുകൾ
ഉള്ളുരുകുന്ന കണ്ണീർക്കുടിലുകൾ...
ഉണ്ണികൾ, കണ്ണി മാങ്ങകൾ, കെട്ടഴി-
ച്ചിട്ടൊരൂഞ്ഞാല്, കാറ്റാടി, പമ്പരം
പാതവക്കിലെ ചെമ്പനീർ പുഞ്ചിരി
പാഴ് മുളം തണ്ടൊഴുക്കുന്ന സങ്കടം
കണ്ണു കാണാത്ത കല്ലുകൾ
പോർമ്മുലപ്പോരിനായ്
കൂർത്ത കുന്നുകൾ
കാർമല പെറ്റു കൂട്ടിയ പാറകൾ
കാടിന്റെ നേരിനാൽ നെറ്റി
വെട്ടി നീർ പൊട്ടിച്ചു
മുന്നിലേക്കു കുതിച്ച നോവാറുകൾ ...
രാത്രിയായി
ഞെരങ്ങുന്നു ചേരികൾ
ചേറു പറ്റിപ്പിടിച്ച മണ്‍വീടുകൾ
ചോരപോലിറ്റു വെട്ടത്തിലേയ്ക്കു തയ്-
പായ് വിരിച്ചിട്ടു പാറും ചുരുൾ മുടി
കോതി വെയ്ക്കുന്നൊരമ്മ, ചാരെ, ക്കുടി-
നീരു മോന്തിയുറക്കം പിടിക്കുന്ന
അച്ഛനില്ലാത്ത, യോറഞ്ചു കാണാത്ത
മുത്തരഞ്ഞാണമില്ലാക്കുരുന്നുകൾ...
രാത്രിയായി
മടങ്ങുന്നു യാത്രികർ
ഭാണ്ഡമെല്ലാം മുറുക്കും വണിക്കുകൾ
വഴി തെളിയ്ക്കുന്ന വൈദ്യുതച്ചൂട്ടുകൾ
ശീതകാലം വിറപ്പിച്ച കെട്ടിട-
ക്കാട്ടിലെ ശവക്കോട്ടകൾ, കൊത്തളം,
സാന്ദ്രമൗനവും പേറി നില്ക്കും മഞ്ഞ-
മേടകൾ , വീട്ടിലേക്കു മടങ്ങുവാൻ
നേരമായെന്നു ചൊല്ലിപ്പിരിഞ്ഞു പോം
കൂട്ടുകാർ, വഴി തെറ്റിയ നാട്ടുകാർ...
പോയകാലം മറന്നുപോം വീട്ടുകാർ..
നാട്ടിലായിരുന്നിത്രയും നേരമെൻ -
വീട്ടിലായിരുന്നോർമ്മതൻ കൂട്ടിലെ
പാട്ടിലായിരുന്നാരുണ്ട് കേൾക്കുവാൻ?
രാത്രിയായി, മടക്കമാണോർമ്മകൾ...
രാത്രിയായി...
രാപ്പുള്ളണർന്നില്ലയൊ?
രാത്രിയായി...
നിലാവസ്തമിച്ചുവോ?