Saturday 15 June 2013

ഏകാകിയുടെ പാട്ട്

ഒറ്റക്കിരുന്നു ഞാൻ പാടുന്ന പാട്ടുകൾ
നിന്നിലേക്കെത്തുവാനെന്തു ചെയ്യും
മുറ്റത്തു നിർത്താതെ പെയ്യും മരച്ചാർത്തി-
ലൊപ്പം നനയുവാനെന്നു പറ്റും
ഗോപുരാഗ്രച്ചെടിപ്പച്ചകൾ മാനത്തെ
ധ്യാനിച്ചു കൈകൂപ്പി നിന്നിടുമ്പോൾ
പാരിജാതത്തിൻ തളിരിലച്ചില്ലകൾ
കാറ്റിനോടെന്തേ മൊഴിഞ്ഞു മെല്ലെ
ഒരു കുടക്കീഴിൽ ഒതുങ്ങിപ്പതുക്കെ ഞാൻ
ജനസാഗരത്തിൽ തുഴഞ്ഞു പോകെ
നഗരതാളം മുറിച്ചാർത്തുപെയ്യും മാരി
തെരുവിൽ നിന്നോർമ്മകൾ പങ്കു വെച്ചു
പലതുള്ളികൾ ചേർന്നു പെരുവെള്ളമായ്, ജല-
പ്രളയമായ് വഴികൾ മുട്ടിച്ചു നിൽക്കെ
സ്മരണതൻ നാലുകെട്ടിൽ നമ്മളെപ്പൊഴോ
പ്രണയവർഷത്തിൽപ്പകച്ചതോർത്തു
ഒറ്റക്കിരുന്നു ഞാൻ കാണും കിനാവുകൾ
നിന്നെക്കുറിച്ചുള്ളതായിടുമ്പോൾ
ചന്ദനത്തെന്നൽത്തലോടുന്ന കുങ്കുമ-
സ്സന്ധ്യയായ് നീയെന്നു മുന്നിലെത്തും?

Sunday 9 June 2013

കുടകൾ

പാടവരമ്പിലേക്ക് തിരിച്ച 
താമരവില്ലുകളുള്ള 
തപാൽക്കുടയോട് ചിരിച്ച് 
മഴയിൽ തുള്ളിച്ചാടി  
പുള്ളിക്കുട
മുറ്റത്തെത്തിയപ്പോൾ, 
പൂമുഖത്തിണ്ണയിൽ 
മുറുക്കിച്ചുവന്നിരുന്ന 
പഴംകുട മൊഴിഞ്ഞു.
'പോയി മേക്കഴുക്'...
ആസകലം മണ്ണും ചളിയും'
പാതി നിവരാനാവാതെ 
അടുക്കള ജനാലയിലൂടെ 
പുറത്തേക്കു നോക്കി
കരിയും മെഴുക്കും പുരണ്ട  
ഒരു നനഞ്ഞ കുട 
അപ്പോഴും 
വെയിലിനെ സ്വപ്നം കണ്ടു. 


Wednesday 5 June 2013

മേഘസന്ദേശം

കരിമുകില്‍പ്പെണ്ണിന്റെ നൂലിഴസ്പര്‍ശനം
മിഴിയിണ കുളിര്‍പ്പിച്ച മഴഞായറാഴ്ചയില്‍
ഒരു വരി നിനക്കായ് കുറിയ്ക്കുവാനോർമ്മകൾ
പടികടന്നെത്തിയ്ക്കിതപ്പിച്ചു രാത്രിയെ
തരുനിരകൾ ജൂണ്‍നിലാമഴലഹരിയിൽ മുങ്ങി
തരളിത സമുദ്ര സാരംഗ സംഗീതമായ്
വഴിമരച്ചില്ലകൾ കുടഞ്ഞരളി മലരുകൾ
നിറപുഴച്ചോപ്പണിഞ്ഞൊഴുകുന്നു പാതകൾ
മഴമേഘമൊന്നിനോടൊരു സ്വകാര്യം ചൊല്ലി
വഴിവക്കിലരുമസന്ദേശമായെത്തിടാൻ....
പ്രിയമുള്ളോരാൾ വഴി മുറിച്ചു പോകുന്നേര-
മൊരു ജനൽക്കാഴ്ചയായരികിലൂടൊഴുകുവാൻ
മിഴിയിണകളിൽ പൂത്ത ഭാവം പകർത്തുവാൻ
മൊഴിയിതളിലൂറുന്ന മൗനമൊപ്പീടുവാൻ
നേത്രാവതിക്കരയിലൊരു വിഭാതത്തിന്റെ
നേർത്ത ബിന്ദുക്കളായ് ശുഭദിനം നേരുവാൻ...
ഒടുവിലോടക്കുഴൽപ്പാട്ടിന്റെ സങ്കട -
പ്പുഴയിലേയ്ക്കോർമ്മയെപ്പായിച്ചുറങ്ങി ഞാൻ...!