Monday 7 October 2013

പെണ്‍സിൽ മുറി

പീഡിപ്പിച്ച്
മുറിയിലടയ്ക്കപ്പെട്ട
അവളെ,
ഇന്നലെയാണ്
അവൻ
മോചിപ്പിച്ചത്.

മുഖം
കൂർപ്പിക്കാതെ
അവന്റെ വിരലുകൾ
മുറുകെ പിടിച്ചുകൊണ്ട്
അവളിപ്പോൾ
പുറത്തെ ചുമർ നിറയെ
കിളികളും പൂക്കളും
വരഞ്ഞുകൊണ്ടിരിക്കുന്നു.

പായും
തലയിണയും
അലസമായി കിടക്കുന്ന
മുറി തുറന്ന്,
അവളെ മാത്രം
തിരഞ്ഞുകൊണ്ടിരിക്കുന്നു...
അകത്തേക്ക്
മുഖം കൂർപ്പിച്ച്
മുറുക്കിപ്പിടിച്ച
കോമ്പസുമായി
മറ്റൊരുവൻ...

Tuesday 24 September 2013

പൂക്കളുടെ പള്ളിക്കൂടം

ഓണപ്പൂട്ടു കഴിഞ്ഞ്
നിറപ്പകിട്ടോടെ
പൂക്കളുടെ പള്ളിക്കൂടം..

'എന്തേ..തൊട്ടാവാടി,
ഇക്കൊല്ലോം
നെനക്കോണണ്ടായില്ലേ..?'
ചെമ്പക ടീച്ചർ
പുരികമുയർത്തിയപ്പോൾ
പൂച്ചെണ്ടുകളെല്ലാം
കുലുങ്ങിച്ചിരിച്ചു.

'കഴിഞ്ഞ കൊല്ലം
അമ്മാവൻ മരിച്ചൂത്രേ..'
കോളാമ്പിപ്പൂ
കുരവയിട്ടു.

'അതിനു മുൻപത്തെ കൊല്ലം
അമ്മൂമ്മ ചത്തൂന്ന്..'
കോൽപ്പൂവ്
താളം പിടിച്ചു.

'രണ്ടുകൊല്ലം മുൻപേ..
അപ്പൂപ്പൻ 'വടി' യായതാ..'
ചെമ്പരത്തിപ്പൂ
വായപൊത്തി.

'ടീച്ചറേ,
ഇല്ലാത്തോരെയല്ലേ
കൊല്ലാൻ പറ്റൂ....
ഒരാൾ പണ്ടേ മരിച്ചു പോയതാ..
അതോണ്ട്...ഞങ്ങക്കിനി
ഒരിക്കലും ഓണണ്ടാവില്ല..'

'അതാരാ തൊട്ടാവാടി..?'
ടീച്ചർ പുരികം ചുളിച്ചു.

'ദൈവോന്നും വിളിക്കും..
പടച്ചോനെന്നും വിളിക്കും....'

തൊണ്ടയിൽ
മുള്ളുടക്കിയ
ടീച്ചർക്ക് മുന്നിലൂടെ
തൊട്ടാവാടി
പുറത്തേക്ക് പടർന്നു..

ചെടിയിലകളെല്ലാം കൂമ്പി,
പൂക്കളൊക്കെ വാടി,
ഇരുട്ടു പരന്ന്
പൂക്കളുടെ പള്ളിക്കൂടം...


Wednesday 18 September 2013

കുറേ പൂക്കൾ, ഒരു ചോദ്യം..

കണ്ടിടേണ്ടെങ്കിലാ- 
കണ്ണടയ്ക്കാ, മിതൾ
പിച്ചിപ്പറിയ്ക്കാം,
കഴുത്തറുക്കാം...
താഴെക്കിടത്താം
ചവിട്ടിനില്ക്കാ-
മരിഞ്ഞൊക്കെയും
കള്ളിയായ് കൂട്ടിവെയ്ക്കാം...
ഒച്ചവെയ്ക്കില്ല ഞാ-
നെന്നാലുമെൻ 'ഗന്ധ'-
മില്ലാതെയാക്കുവാ-
നെന്തുചെയ്യും?


Sunday 15 September 2013

'അക്ക' പ്പൂക്കളം

കലണ്ടറിൽ
മാസക്കളങ്ങളിൽ
കടും ചുവപ്പുപൂവുകൾ
നിരന്നിരിക്കുന്നു.
നനഞ്ഞ ചിങ്ങത്തി-
ന്നൊടുക്കമോണമെ-
ന്നുറക്കെക്കോമാളി-
ച്ചിരി പരത്തുന്നു.

ചെറിയ മോൻ,
കുത്തിവരച്ച ചിത്രത്തി-
ലൊരു പൂണൂൽ ദേവ-
നുയർന്നു നില്ക്കുന്നു.
ഇനിയും ദാനത്തി-
നിടം തിരഞ്ഞുകൊ-
ണ്ടിടങ്കണ്ണിട്ടൊരാൾ
കുനിഞ്ഞിരിക്കുന്നു.

ചതിയറിഞ്ഞിട്ടും
ശിരസ്സു നീട്ടിയ
കഥ 'ദൂരദർശ' -
നെടുത്തുകാട്ടുമ്പോൾ
കടൽ കടന്നെത്തി-
നിറഞ്ഞ കമ്പോള-
ച്ചിരിയിലാളുകൾ
മധുരമുണ്ണുന്നു.

ഒരിക്കൽ കൂടി നാം
തല കുനിക്കുന്ന
പരമ്പരയെന്ന്
മദിച്ചു ചൊല്ലുമ്പോൾ
നമുക്കു ചുറ്റിലു,-
മിടയിലുമേതോ
പുതിയ വാമനർ
ചുവടുയർത്തുന്നു.

'തികയില്ലീ മാസം....
കൊടുത്തു തീർക്കേണ്ടേ
പണ', മൊരാളടു -
ക്കളയിൽ മൂളുമ്പോൾ,
ഒരിക്കൽ കൂടിയെൻ
മനക്കണക്കുമാ-
യിരുന്നു ശമ്പളം
പകുത്തു നോക്കുന്നു.

കണക്കുകൾ തെറ്റി-
ച്ചിതറുമക്കങ്ങൾ
പുതിയൊ'രക്കപ്പൂ-
ക്കള'മൊരുക്കുന്നു.
നനഞ്ഞ കീശയിൽ
മുഷിഞ്ഞ നോട്ടിന്റെ
കുളിരുമായ് 'ഗൃഹാ -
തുരത' യേറുന്നൂ..

തടഞ്ഞുവീണക്ക -
ക്കളത്തി, ലോണപ്പൂ
കുതിർന്നു ചോരയിൽ...
നിലവിളിക്കുന്നു.

Sunday 8 September 2013

പച്ചക്കവിതകൾ - 2

1.കവിയരങ്ങ്
--------------------
കവിത ചൊല്ലിത്തീർന്നപ്പോൾ
സദസ്സിൽ നിന്നൊരാവശ്യം...
കവിതയിതേതു വൃത്തത്തിൽ
എഴുതിയതാണെന്നറിയണം
സംശയിക്കാതെ കവിയോതി..
വൃത്തം..'ബാഗ് പൈപ്പറാ'...
അതുകേൾക്കെയരങ്ങാകെ
കരഘോഷത്തിരതല്ലലായ് ...

2.സംശയമില്ല...
---------------------
ടിക് ടിക് ടിക് ടിക്
എവിടുന്നാണീ ശബ്ദം?
സുരേഷ് തിരിഞ്ഞു നോക്കി
വെളുത്ത മുഖവും
ചുവന്ന കണ്ണും
കറുത്ത കാലും
മുറിയൻ ചെവിയും...

ടിക് ടിക് ടിക് ടിക് ടിക് ടിക് ടിക് ടിക്...
ഹോ!
മുടിഞ്ഞ ടൈം പീസിന്റെ
ഒടുക്കത്തെയൊരടി...
ഉറക്കം കളഞ്ഞു...!

3.മാർക്കേറിയ കഥ
----------------------------
'മാറ് വന്നൊരു 'മങ്ക'യ്ക്കും
കള്ളാവാ' മെന്നോതവേ
ക്ലാസ്സിൽ നിന്നു പുറത്താക്കി
ഭാഷാദ്ധ്യാപിക, കണ്ണനെ.

'മങ്കമാർ' എന്ന വാക്കിന്ന്
'മങ്കകളെ' ന്നുമാവാമെ-
ന്നവനതു വ്യാഖ്യാനിച്ചെഴുതി
നൂറു മാർക്ക് പരീക്ഷയിൽ...

4.തടവും പിഴയും
------------------------
തടവാറുമാസവും, പിഴയുമുണ്ടേ ...
വിധിയെഴുതി കോടതി 'സുതാര്യ' മായി
പ്രതി ചൊല്ലി: "പണ്ടേ പിഴച്ചതല്ലേ...
പിഴ വേണ്ട, 'തടവെ' നിക്കിഷ്ടമാണേ.."

5.'കാക്ക' - അവാർഡ് ലഭിച്ച ഒരാധുനിക കവിത
----------------------------------------------------------
അ കാക്ക ആ കാക്ക
ഇ കാക്ക ഈ കാക്ക
ഉ കാക്ക ഉഗ്രൻ കാക്ക
ഊ കാക്ക ഊക്കൻ കാക്ക
ഋ കാക്ക ഋതുക്കാക്ക
എ കാക്ക ഏതാ കാക്ക
ഒ കാക്ക ഓഹോ കാക്ക
അം കാക്ക അ: കാക്ക
അതാ കാക്ക ഇതാ കാക്ക
അവിടെക്കാക്ക ഇവിടെക്കാക്ക
അങ്ങനെ കാക്ക ഇങ്ങനെ കാക്ക
ഔ കാക്ക...ഹമ്പട കാക്ക!



Saturday 7 September 2013

പച്ചക്കവിതകൾ

1.ലൈഫ് ബോയ്‌ 
-------------------------
തേച്ചുരച്ചെന്റെയുടലലിഞ്ഞുപോയ്‌ 
തേഞ്ഞതില്ലിവനെന്തൊരാരോഗ്യം!

2.പേരിടൽ മത്സരത്തിൽ നിന്ന് 
-------------------------------------
തങ്ങളുടെ പേരിന്റെ
ആദ്യാക്ഷരങ്ങൾ യോജിപ്പിച്ച്
മുകുന്ദനും ലതയും
ആദ്യത്തെ കുഞ്ഞിന്
പേരിടാനുറച്ചു.

ഇതറിഞ്ഞയുടനെ
ശങ്കറും വിനീതയും
അതനുകരിച്ചു

അതു കേൾക്കെ,
മൈമൂനയും രാഹിലും
ആദ്യം
സ്വന്തം പേരുകൾ മാറ്റിയിട്ടേ
കുഞ്ഞിനു പേരിടൂ എന്നു
തീരുമാനിച്ചുവത്രേ...!

3.പക്ഷം
------------------
കെണി കണ്ടുപിടിക്കാനൊരു
പണിയുണ്ടെന്ന് വലതുപക്ഷം
പണി കണ്ടുപിടിക്കാനൊരു
കെണിയുണ്ടെന്ന് ഇടതുപക്ഷം
കെണിക്കും പണിക്കുമിടയിൽ
മുറിഞ്ഞു വീണതോ...
ഭരണ 'പക്ഷ' മെന്ന് ജനപക്ഷം...

4.വിശ്വാസമല്ലേ.. എല്ലാം ...
-----------------------------------
വിപണിയിൽ
ഗണേശലോക്കറ്റു വാങ്ങാൻ
ഇത്തവണയും കുറവാണ് സ്ത്രീകൾ...

രണ്ടു വർഷം മുമ്പൊരിക്കലിവിടെ
വാർത്ത വന്നൂ...
മൂർത്തി പാൽ കുടിച്ചു...

വിശ്വാസമല്ലേ.... എല്ലാം....!



Monday 29 July 2013

ചാലക്കുടിപ്പുഴ

അകലെനി 'ന്നാനമല' ചുരത്തുന്ന
അമൃതുപോലൊരു പുഴ ചിരിക്കുന്നു
ഒഴുകി, വാഴച്ചാലതിരപ്പിള്ളികൾ  
തഴുകി, ചാരുവാമവൾ കുതിക്കുന്നു 

അവളെയെല്ലാരുമറിയുന്നു, 'ചാല -
ക്കുടിപ്പുഴ' യെന്നു വിളി മുഴങ്ങുന്നു 
അവൾക്കുണ്ടാറുപനദികളെന്നാലു -
മവൾ പെരിയാറിൽ വിലയമാകുന്നു 

പിറന്നുവീണിട്ടുണ്ടിവളിലും ജീവ-
പ്രപഞ്ചസത്യമാം പ്രകടരൂപങ്ങൾ 
പിഴച്ചുപോരുന്നുണ്ടിവളെയാശ്രയി-
ച്ചൊരു ദശലക്ഷം മനുഷ്യ ജന്മങ്ങൾ 

ഇവളീ നാടിനെ ജലസമൃദ്ധിയാൽ 
തഴച്ചുണർത്തിയ പഴയ കാളിന്ദി
കളങ്കമേശാത്ത കനിവുമായ്, ഗ്രാമ-
വിശുദ്ധി കാത്തൊരു ഹരിതനന്ദിനി 

മനം പൊട്ടിക്കരഞ്ഞിനിയും തോരാത്ത 
മിഴിയുമായ്‌ ദൂരെ കിഴക്കുണരുമ്പോൾ 
തല പൊട്ടിച്ചോരയൊലിച്ചിറങ്ങിയ
കവിതയായ്  'കാതിക്കുടം' വിളിക്കുന്നു 

പരിസ്ഥിതി - ജല മലിനവു, മതി-
ഗുരുതരം രോഗ ദുരിത പീഡയും 
കൊതിയടങ്ങാതെ പിടിച്ചു തിന്നുന്നു-
ണ്ടിവിടെ ജീവനെ, ചതിച്ച കാലമേ

ജനിമൃതികളെ തിരുത്തുവാൻ നയം 
തുടരുമെങ്കിലീ സമരഭൂമിയിൽ 
മരിച്ചു വീണിടാം, പിറന്ന മണ്ണിലെ 
വിഷനിലങ്ങളിൽ, പൊരുതി ജീവിതം

വളരുമീസ്ഥിതി കെടുത്തിടാത്തൊരു 
ഭരണകൂടമേ നിനക്കു മാപ്പില്ല 
മലിനമായ് പുഴ വിളറി നീലച്ചൊ -
രുടലുമായിതാ പുളച്ചു പായുന്നു 

ജലമൂറ്റിക്കുടിച്ചടുത്തുണ്ടിപ്പൊഴും
'ജലാറ്റി' നെന്നൊരു കടുത്ത കാളിയൻ 
കഴുത്തറുക്കണമവന്റെ പാശത്താൽ
വരിഞ്ഞു കെട്ടണം കുടിലനീതിയെ

വിടില്ല നിങ്ങളെയൊരിക്കലും, 'ചാല-
ക്കുടിപ്പുഴ' നിണമണിഞ്ഞൊഴുകിലും
ഇതു 'പ്ലാച്ചിമട' പകർന്ന ധീരത
ഇതു 'കാതിക്കുടം' കടഞ്ഞ വീരത


Friday 19 July 2013

കർക്കിടകം

മുത്തശ്ശി മിഴിയടച്ചൊരു 
മൗനസന്ധ്യയിൽ 
തിരി നനയ്ക്കും വിളക്കിൽ
കാറ്റു കണ്ണു പൊത്തിക്കളി-
ച്ചൊരു മഴക്കാലം...
പിള്ളക്കർക്കിടകം

ഇരുളിൽ നിന്നിറയത്തു
മിഴിനട്ടു മകനെത്തിരയുന്നൊ -
രമ്മതന്നിമയുടക്കും 
കൂരിരുൾ വഴിത്താരയി-
ലിരമ്പി നിന്നുറയുന്ന
പെരുമഴക്കാലം...
തള്ളക്കർക്കിടകം

'ശീപോതി' വേഷമി-
ട്ടാടിത്തിമർത്തു കൊ-
ണ്ടർബുദം വാരി വിതറി
പെരും വെള്ളത്തി-
ലാറാടി നില്ക്കുന്ന
'പൊട്ടി' യാട്ടങ്ങളിൽ...
കള്ളക്കർക്കിടകം  

കറുക, വിഷ്ണുക്രാന്തി,
പൂവാംകുറുന്നില
തിരുതാളി, കയ്യുണ്ണി,
ചെറൂള, നിലപ്പന
ഉഴിഞ്ഞ, മുയൽച്ചെവി,
മുക്കുറ്റി ചേരുന്ന
ദശപുഷ്പ കഞ്ഞിയ്കു
വിപണി തേടുന്ന നാൾ...
രോഗക്കർക്കിടകം  

താള്, തകര, ചേന,
ചേമ്പ്, പയറ്, ചീര,
കുമ്പളം, മത്തൻ,
ആനത്തുമ്പ, തഴുതാമ,
ചേർത്തു പത്രക്കറി-
മാത്രമുണ്ണാൻ വിധി-
യിട്ട മാളോർ നന-
ഞ്ഞൊട്ടി നില്ക്കുംകാലം...
പഞ്ഞക്കർക്കിടകം

ശാലു, സരിതാ, സലിം
ജോപ്പ, ജാക്കു, ബിജു,
ശ്രീധര, നുമ്മൻ, തിരു-
വഞ്ചൻ, കുരുവിള 
സൂര്യൻ പിഴപ്പിച്ച 
കഷ്ടകാലത്തിന്റെ 
പത്തു ദോഷങ്ങളായ് 
കേരള ജാതകം... 
ആരറിയുന്നുത്ത-
രാധുനിക കാണ്ഡങ്ങൾ?
ആരു വായിക്കുന്നു 
പുതിയ രാമായണം?
പന്നക്കർക്കിടകം !

Saturday 15 June 2013

ഏകാകിയുടെ പാട്ട്

ഒറ്റക്കിരുന്നു ഞാൻ പാടുന്ന പാട്ടുകൾ
നിന്നിലേക്കെത്തുവാനെന്തു ചെയ്യും
മുറ്റത്തു നിർത്താതെ പെയ്യും മരച്ചാർത്തി-
ലൊപ്പം നനയുവാനെന്നു പറ്റും
ഗോപുരാഗ്രച്ചെടിപ്പച്ചകൾ മാനത്തെ
ധ്യാനിച്ചു കൈകൂപ്പി നിന്നിടുമ്പോൾ
പാരിജാതത്തിൻ തളിരിലച്ചില്ലകൾ
കാറ്റിനോടെന്തേ മൊഴിഞ്ഞു മെല്ലെ
ഒരു കുടക്കീഴിൽ ഒതുങ്ങിപ്പതുക്കെ ഞാൻ
ജനസാഗരത്തിൽ തുഴഞ്ഞു പോകെ
നഗരതാളം മുറിച്ചാർത്തുപെയ്യും മാരി
തെരുവിൽ നിന്നോർമ്മകൾ പങ്കു വെച്ചു
പലതുള്ളികൾ ചേർന്നു പെരുവെള്ളമായ്, ജല-
പ്രളയമായ് വഴികൾ മുട്ടിച്ചു നിൽക്കെ
സ്മരണതൻ നാലുകെട്ടിൽ നമ്മളെപ്പൊഴോ
പ്രണയവർഷത്തിൽപ്പകച്ചതോർത്തു
ഒറ്റക്കിരുന്നു ഞാൻ കാണും കിനാവുകൾ
നിന്നെക്കുറിച്ചുള്ളതായിടുമ്പോൾ
ചന്ദനത്തെന്നൽത്തലോടുന്ന കുങ്കുമ-
സ്സന്ധ്യയായ് നീയെന്നു മുന്നിലെത്തും?

Sunday 9 June 2013

കുടകൾ

പാടവരമ്പിലേക്ക് തിരിച്ച 
താമരവില്ലുകളുള്ള 
തപാൽക്കുടയോട് ചിരിച്ച് 
മഴയിൽ തുള്ളിച്ചാടി  
പുള്ളിക്കുട
മുറ്റത്തെത്തിയപ്പോൾ, 
പൂമുഖത്തിണ്ണയിൽ 
മുറുക്കിച്ചുവന്നിരുന്ന 
പഴംകുട മൊഴിഞ്ഞു.
'പോയി മേക്കഴുക്'...
ആസകലം മണ്ണും ചളിയും'
പാതി നിവരാനാവാതെ 
അടുക്കള ജനാലയിലൂടെ 
പുറത്തേക്കു നോക്കി
കരിയും മെഴുക്കും പുരണ്ട  
ഒരു നനഞ്ഞ കുട 
അപ്പോഴും 
വെയിലിനെ സ്വപ്നം കണ്ടു. 


Wednesday 5 June 2013

മേഘസന്ദേശം

കരിമുകില്‍പ്പെണ്ണിന്റെ നൂലിഴസ്പര്‍ശനം
മിഴിയിണ കുളിര്‍പ്പിച്ച മഴഞായറാഴ്ചയില്‍
ഒരു വരി നിനക്കായ് കുറിയ്ക്കുവാനോർമ്മകൾ
പടികടന്നെത്തിയ്ക്കിതപ്പിച്ചു രാത്രിയെ
തരുനിരകൾ ജൂണ്‍നിലാമഴലഹരിയിൽ മുങ്ങി
തരളിത സമുദ്ര സാരംഗ സംഗീതമായ്
വഴിമരച്ചില്ലകൾ കുടഞ്ഞരളി മലരുകൾ
നിറപുഴച്ചോപ്പണിഞ്ഞൊഴുകുന്നു പാതകൾ
മഴമേഘമൊന്നിനോടൊരു സ്വകാര്യം ചൊല്ലി
വഴിവക്കിലരുമസന്ദേശമായെത്തിടാൻ....
പ്രിയമുള്ളോരാൾ വഴി മുറിച്ചു പോകുന്നേര-
മൊരു ജനൽക്കാഴ്ചയായരികിലൂടൊഴുകുവാൻ
മിഴിയിണകളിൽ പൂത്ത ഭാവം പകർത്തുവാൻ
മൊഴിയിതളിലൂറുന്ന മൗനമൊപ്പീടുവാൻ
നേത്രാവതിക്കരയിലൊരു വിഭാതത്തിന്റെ
നേർത്ത ബിന്ദുക്കളായ് ശുഭദിനം നേരുവാൻ...
ഒടുവിലോടക്കുഴൽപ്പാട്ടിന്റെ സങ്കട -
പ്പുഴയിലേയ്ക്കോർമ്മയെപ്പായിച്ചുറങ്ങി ഞാൻ...!


Saturday 25 May 2013

സൂര്യനെല്ലി

മേടത്തിൽ പെറ്റെഴുന്നേറ്റ ഗോമാവിന്റെ
മേലാകെ മഞ്ഞൾ പുരട്ടുന്നു പൗർണ്ണമി
ഏതോ വിഷാദസ്മൃതികളിൽ മുങ്ങിയ
ചിത്രകൂടത്തിൻ നിഴൽപോലെ യാമിനി
കഷ്ടകാലത്തിൻ കടുംതുടിപ്പാട്ടുകൾ
പുസ്തകത്താൾനനച്ചെന്നെത്തൊടുമ്പൊഴും
പിൻവിളിച്ചെത്തുന്നു ഭൂതകാലത്തിന്റെ
നന്മകൾ വാഴ്ത്തുന്ന കൊട്ടും കുരവയും
വേണ്ടയീ കേളികൊട്ടും കുഴഞ്ഞാട്ടവും
'കനകച്ചിലങ്ക' കിലുക്കിക്കുണുങ്ങലും
കേരകേദാരഭൂവിന്റെ നേർച്ചിത്രമായ്
അർത്ഥം പിഴക്കും ഗൃഹാതുരസ്മൃതികളും
ഓര്‍ക്കുന്നുവോ നിങ്ങളവളെ,ക്കിനാവിന്റെ -
പൂമുഖത്താരും വിളിച്ചു കേറ്റാത്തവൾ
മുഖമില്ല വിലയില്ല നിലയില്ല നിഴലുപോ -
ലൊരു വ്യാഴവട്ടം മരിച്ചു ജീവിച്ചവൾ
പണമില്ല മണമില്ല പറയാനൊരാളില്ല,
പള്ളി, യാപ്പീസു, വീടി, ന്നിടയ്ക്കലസമായ് -
തള്ളിനീങ്ങുന്ന പാഴ് ജന്മം, നിരന്തരം
പേക്കിനാവേട്ടയാൽ വെന്ത പെണ്‍ജീവിതം.
ഉടുമുണ്ടഴിച്ചെത്തുമോര്‍മ്മതന്‍കാറ്റിന്നു -
മുടലുലയ്ക്കുന്നുണ്ട്, കരളു നീറ്റുന്നുണ്ട്
'നാല്‍പ്പതോളം' ദിനരാത്രങ്ങളിപ്പോഴും
പല്ലിളിച്ചെത്തിക്കിതച്ചു നില്‍ക്കുന്നുണ്ട്..
രതിവൈകൃതച്ചതികോമരങ്ങള്‍തുള്ളി
'ധര്‍മ്മരാജാക്കള്‍' മുരണ്ടു നീങ്ങുന്നുണ്ട്.
ചിറകനക്കാന്‍ പോലുമാവാതെ കൂട്ടിലെ -
യിരുട്ടിലായൊച്ച മരവിച്ചു പോകുന്നുണ്ട്.
ഇല്ലവൾക്കായ് പള്ളിമണിയടികൾ, പ്രാര്‍ത്ഥന
ഇല്ലവൾക്കാരും കൊളുത്തീല മെഴുതിരി
മാലാഖമാരൊക്കെയെന്നേ മരിച്ചുപോയ്‌
നീതിപീഠങ്ങള്‍ നിറംകെട്ട കാഴ്ചയായ്..
ക്ഷതമേറ്റതലയിലെയസഹ്യമാം വേദന
അമിതഭാരത്താല്‍ തളര്‍ന്ന കൈകാലുകള്‍
സമ്മര്‍ദ്ദമേറിത്തകര്‍ന്നൊരാമാനസം
ഇവളെന്റെ മക, ളമ്മ, പെങ്ങ, ളെൻ സ്നേഹിത
ഓര്‍ക്കുന്നുവോ നിങ്ങളവളെ, ക്കിനാവിന്റെ -
പൂമുഖത്താരും വിളിച്ചു കേറ്റാത്തവൾ
പേരവൾക്കൊന്നു മാത്രം 'സൂര്യനെല്ലി' യെ-
ന്നോർമ്മയെക്കീറിക്കടന്നു ചോദിക്കുന്നു
കുന്നാക്കി വെയ്ക്കുക, പുണ്യാളസംഘമേ
കൂര്‍പ്പിച്ച കല്ലുകളെറിഞ്ഞിടാന്‍ പാകമായ്
കൂട്ടത്തിലേറ്റം മിടുക്കനോടോതിയാ-
ലൊറ്റയേറില്‍ പാപകഥയൊടുങ്ങീടുകില്‍..
ആരു കാണുന്നു കരിഞ്ഞ മാമ്പൂക്കളെ ?
ആരു തേടുന്നു മറഞ്ഞ താരങ്ങളെ ?
ഈ വഴിത്താരതന്നോരോധ്രുവങ്ങളിൽ
അസ്തമിക്കേണ്ടവരാണുനാമെങ്കിലും!
മേടത്തിൽ പെറ്റെഴുന്നേറ്റ ഗോമാവിന്റെ
മേലാകെ ചോണനുറുമ്പരിക്കുന്നുവോ ?
ഏതോ വിഷാദസ്മൃതികളിൽ മുങ്ങുന്ന
ചിത്രകൂടത്തിൽ ഞാനെന്നെ തിരഞ്ഞുവോ?

Friday 17 May 2013

മധുരം

മരനിരകളെല്ലാം കരിഞ്ഞൊരീതീരത്ത്
വരളുന്ന ചുണ്ടുമായ് നിൽക്കെ 
ഉരുകുമീ മെയ്മാസരാവിലേക്കെന്തിനു
മധുരം പകർന്നു നീ വന്നു
വറുതി കത്തുന്നൂ വരണ്ട നീർപ്പാടത്തി-
നരികിലുണ്ടരളി പൂക്കുന്നു
നിഴലും നിലാപ്പൂക്കളും വീണ വഴികളിൽ
കരിയില കിനാവു കാണുന്നു
ചെറുകുളിർക്കാറ്റിൻ തലോടലില്ലരികി-
ലൂടൊഴുകിടില്ല്ലൊരു കിളിപ്പാട്ടും
വരുവാനൊരാളുമില്ലീവഴിത്താരകൾ 
വിജനത കുടിച്ചു വീർക്കുന്നു
തിരികെനീയൊറ്റയ്ക്കു പോകേണ്ട കൂടെഞാ-
നനുഗമിക്കുന്നു കടവോളം
മധുരം കുറഞ്ഞാലുമൊരു കവിത പകരമായ്
കരുതിയതു നീയെടുത്തോളൂ.....

Thursday 28 March 2013

വിരൽത്തുമ്പിൽ പുഴ

ഒരിക്കൽ, ഭൂപടത്തിലെൻ
ചെറുവിരലിഴഞ്ഞപ്പോൾ
പറഞ്ഞുപോയച്ഛൻ, പുഴ,  
'മൃദുവിരൽ തുടുത്ത പോൽ'
വിരൽത്തുമ്പിൽ തുളുമ്പിയ
പുഴയടുത്തറിഞ്ഞപ്പോൾ   
മൊഴിഞ്ഞുപോയമ്മ, പുഴ  -
'മലർക്കതിർ കുടഞ്ഞപോൽ'
നിളയെന്നും പേരാറെന്നും
വിളിച്ചു, കണ്‍കുളിർപ്പിച്ച
ഗുരുനാഥൻ വിരൽ ചൂണ്ടി
"നമിയ്ക്കേണ, മിവൾ 'ഗംഗ'!"
പുതിയ ഭൂപടത്തിൽ ഞാൻ
പുഴയിന്നു തിരയുമ്പോൾ
മെലിഞ്ഞൊട്ടി, വരണ്ടേതു -
വിരലെൻനേർക്കുയരുന്നൂ? 

Saturday 23 March 2013

നടുവഴിയിൽ

പച്ച ചോപ്പായൊന്നല്പം
നിൽക്കുന്നു, കിതച്ചുകൊ-
ണ്ടൊച്ച, യനക്കം വീണ്ടും
നിലയ്ക്കേ, യിരുള്‍ത്തിന്ന -
മച്ചകത്താരോ വില്ലു -
കലയ്ക്കേ, കരിമ്പന-
പ്പട്ട കീറിയിങ്ങെത്തി
വെളിച്ചം വിളിക്കുന്നു.

അതിവേഗത്തിൽ പായും -
ജീവികൾ, പരാക്രമ -
പ്പാച്ചിലിൽപ്പിടഞ്ഞൊന്നു
കിതയ്ക്കുമുൽകണ്ഠകൾ
പതുക്കെയിഴഞ്ഞെത്തും
പുഴകൾ, മഹാസമു-
ദ്രാത്മഹ്രദം പൂകി
മറയും വാൽത്താരകൾ

തിരക്കാണെവിടേയു-
മൊടുങ്ങാപ്രയാണങ്ങൾ
മടുക്കുമൊരുനാൾ, വഴി -
യടയുംകാലം വരും...
നടുക്കു പകച്ചൽപ്പം
നിരത്തിനോരം ചേർന്നു -
നിറഞ്ഞ കാഴ്ച്ചക്കുള്ളിൽ
പിടഞ്ഞു കണ്ണും കാതും

എനിക്കും കുറിയ്ക്കാനു-
ണ്ടേറെ,യീ നിറംകെട്ട -
വാക്കിനാൽ വിളക്കിയ
കിനാവിൻ വഴിത്തോറ്റം
ഇനിയും പറയാനു-
ണ്ടിത്തിരി നിലാച്ചാറി-
ലൊപ്പിയ പുകമണം
പൊതിഞ്ഞ കഥക്കൂട്ടം

എങ്കിലും മടിക്കേണ്ട,
യാത്രയാവുക യൊടു-
ക്കത്തെയീ ജൈവസ്പന്ദ-
മാകട്ടെ കരസ്പർശം
വിരല്‍ത്തോണികൾ കര-
യ്ക്കടിഞ്ഞു, ചുരുള്‍ മുടി-
ക്കായൽ ശാന്തമായ്, മിഴി-
യടയ്ക്കാം, മടങ്ങിടാം...

Friday 18 January 2013

ഒരു സൈബര്‍ സൗഹൃദത്തിന്റെ ഓര്‍മ്മക്ക് ...

ജനുവരിയുടെ
ഏതോ പകുതിയില്‍ വെച്ചാണ്
അവര്‍ കണ്ടുമുട്ടിയത്‌
ചാറ്റു ബോക്സുകളില്‍ മാത്രം
ഒതുങ്ങിനിന്ന സന്ദേശങ്ങളെ
അവളാണ് വാക്കുകളായി
പുറത്തേക്കെടുത്തത്
വാക്കുകളെ പൂക്കളാക്കുകയും
വാചകങ്ങളെ വാകമരത്തണലാക്കുകയും
ചെയ്തതില്‍
രണ്ടുപേര്‍ക്കും പങ്കുണ്ടായിരുന്നു
ചോദ്യോത്തരങ്ങളുടെ വിളക്കുകള്‍
കൊളുത്തിവെച്ച രാവുകളും
അസ്തമയം മറന്ന പകലുകളും
അവരുടെ നിത്യസന്ദര്‍ശകരായതും
അവ വെറും സ്വപ്നങ്ങളല്ലെന്ന്
തിരിച്ചറിഞ്ഞതും
ഗംഗയുടെ തീരത്തു വെച്ചായിരിക്കണം..
സാഹിത്യവും സൗഹൃദവും പൊതിഞ്ഞ
സംഭാഷണങ്ങള്‍ക്കിടയിലെ 
ഒട്ടുന്ന മൗനത്തെക്കുറിച്ച്
ചോദിക്കുമ്പോഴൊക്കെ
'ചില ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളില്ല'
എന്നൊരു ചിരിമധുരം സമ്മാനിക്കാന്‍
അവള്‍ മറന്നിരുന്നില്ല...
ഒരിക്കലും
പരസ്പരം കണ്ടുമുട്ടേണ്ടെന്നു ശഠിക്കുമ്പോഴും
കണ്ടുമുട്ടാനുള്ള വഴി പറഞ്ഞു കൊടുത്തതും
അവള്‍ തന്നെയാണ്..
തണുത്തു വിറയ്ക്കുന്ന ജനുവരിയില്‍
വടക്കു -കിഴക്കു നിന്നും
തെക്കോട്ടു പോകുന്ന 
തീവണ്ടിയും കാത്ത്
അവള്‍ക്ക് സമ്മാനമായി കരുതി വെച്ച
ഒരു കെട്ട് പുതിയ പുസ്തകങ്ങളുമേന്തി
കാത്തുനിന്ന അവന്റെ മുന്നിലൂടെ
അവളില്ലാത്ത തീവണ്ടി
സുപ്രഭാതം കീറിമുറിയ്ക്കുമ്പോള്‍,
അവളുടെ പേരു പച്ച കുത്തിയ
പുസ്തകക്കെട്ടും തടവി
തിരിഞ്ഞു നടക്കുന്ന
അവനറിഞ്ഞിരുന്നില്ല...
മുന്‍പേതോ ദിവസം തന്നെ
അവള്‍ തെക്കോട്ടേക്ക് യാത്ര തിരിച്ചെന്നും,
അവളിപ്പോള്‍ സൈബര്‍ വലവിരിച്ച്
മറ്റൊരു സൗഹൃദക്കൂട്ടത്തിലേക്ക്
വാക്കെറിഞ്ഞ്
പുതിയൊരു പൂവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ച്,
മാറ്റാരെയോ കാത്തിരിക്കുകയാണെന്നും...!

Sunday 6 January 2013

വിഷനീലിമ

ഒരിക്കല്‍
നിങ്ങള്‍ പറഞ്ഞു...
കണ്ണുകള്‍
ശാന്തസമുദ്രം പോലെയാണെന്ന്....

മറ്റൊരിക്കല്‍...
ചിരി, തിരമാലകളാണെന്നും
വാക്കുകള്‍, തിരമൊഴിയായെന്നും
മൌനത്തിന് കടലാഴമുണ്ടെന്നും...
ചിലപ്പോള്‍
കാറ്റും കോളുമായെത്തുന്ന
പ്രക്ഷുബ്ധ മനസ്സെന്നും...

ഇപ്പോഴിതാ...
ശ്വാസോച്ഛ്വാസം,
കടല്‍ക്കാറ്റാണെന്ന്...

ഒടുവില്‍,
കടഞ്ഞെടുത്ത്..
കടന്നു പോകുമ്പോള്‍,
ചുണ്ടില്‍ കണ്ണീരുപ്പുണ്ടെങ്കില്‍
തിരുത്തിപ്പറയരുതേ...
നോക്ക്..
വിയര്‍പ്പിന്, കടലുപ്പു രസമല്ലേ...
എന്റെ ശരീരം നീലച്ചു തുടങ്ങി...