Wednesday 3 October 2012

കനവുമലയിലേക്കെത്രദൂരം?

കാറ്റു ചോദിച്ചതിത്രമാത്രം!
കവിതയുണ്ടോ മനസ്സിലിന്നും..?
കടമെടുക്കാന്‍ പറഞ്ഞതാണോ,
കാത്തിരിക്കുമാമഴമനസ്സ്...?
കരളിലുണ്ട്; കടലിനോളം ..
നിഴലിലുണ്ട്; നിലാവിനൊപ്പം...
മിഴിയിലോ; കിനാപ്പൂവുപോലെ..
മൊഴിമുറിയ്ക്കുന്ന മൌനജാലം!
കാറ്റു ചുറ്റിക്കറങ്ങിയെത്തി..
കവിത കിട്ടാക്കരങ്ങള്‍ വീശി..
കരളു കൊത്തിപ്പറന്നിടട്ടെ?
ഇരുളു നീങ്ങുന്നു; കാറ്റുമൂളി..
വേണ്ട കാറ്റേ, കടുപ്പമാണെന്‍ -
കരളു പണ്ടേ കരിഞ്ഞതല്ലേ...?
പാതിവെന്ത കിനാക്കളുണ്ടേ...
വേദി കാണാത്ത വേഷമേറെ..
പൊടി പുരണ്ടൊരാബാല്യകാലം...
കൊടിപിടിച്ച കൌമാരഭാരം..
പ്രണയസൂര്യന്‍ മരിച്ചുവീണ
വ്രണിതയൌവ്വന ക്ഷീണരാഗം..
പരിസരം ചുട്ടു നീറി നില്‍ക്കും
ദുരിത ജീവിതശ്യാമരംഗം
കരളു പൊള്ളിപ്പറിച്ചിടുമ്പോള്‍
ഉതിരുമക്ഷരച്ചുടലമന്ത്രം!
കാറ്റു മെല്ലെപ്പറന്നുപോയീ..
ദൂരെയൊരുമഴക്കാടു തേടി..
ചിറകിനൊപ്പം തുടിച്ചുനിര്‍ത്തി..
ചെറിയ വാക്യമൊന്നിത്രമാത്രം..
ഒരു കടം കഥ; കവിതയല്ല...
"കനവുമലയിലേയ്ക്കെത്രദൂരം?"