Thursday 27 September 2012

രണ്ടു പാതകള്‍, കണ്ടുമുട്ടിയപ്പോള്‍...

പണ്ടു പണ്ട്...
രണ്ടു പാതകള്‍,
കണ്ടുമുട്ടിയപ്പോള്‍ ...

യാത്രകളേറി...
പുതിയ കടകളുണ്ടായി,
വാഹനങ്ങള്‍ പെരുകി,
കുന്നിറങ്ങിവന്നൊരു
ചെമ്മണ്‍പാത
കൂട്ടുപാതയുണ്ടാക്കി..
രാമേട്ടന്റെ ശീട്ടിത്തുണിക്കട
മഹിമ ടെക്സ്റ്റയില്‍സായി.
ഔസേപ്പച്ചന്റെ ചായക്കട
ഡേയ്സി കോഫി ഹൗസും,
സെയ്താലിയുടെ ബാര്‍ബര്‍ ഷോപ്പ്,
അമര്‍ ജെന്റ്സ് പാര്‍ലറുമായി.
പിന്നീടാണ്
വഴിമുടക്കികളും
മൊഴിയടക്കികളും
അപകടങ്ങളും
അഴിച്ചു പണികളുമുണ്ടായതത്രേ..
പലതരം കൊടികളും,
ആപ്പീസുകളും,
അടിപിടികളുമുണ്ടായതത്രേ ...

നെഞ്ചിടിപ്പ് താങ്ങാനാവാതെ..
പിരിഞ്ഞുപോകാനിരുന്ന
നാളിലാണ്...
ആകാശത്തിലേക്കും
ഭൂമിയ്ക്കടിയിലേക്കും
പാതകളെ
ആരോ വലിച്ചു കൊണ്ടുപോയത്..

ഒരുനാള്‍
പുഴവക്കത്തു വെച്ച്
വീണ്ടും കണ്ടുമുട്ടിയപ്പോള്‍..
വലിയ പാത പറഞ്ഞു.
എത്ര നാഴികകളായി...
തമ്മില്‍ കാണാതെ...!

രാവും പകലും
നെഞ്ചിന്‍ കൂട് തകരുന്ന ജീവിതം..
ചുട്ടുപൊള്ളുന്ന ശരീരം!
കുഞ്ഞുപാത നെടുവീര്‍പ്പിട്ടു.

മുഷിഞ്ഞ മേലുടുപ്പഴിച്ചുവെച്ച്‌
ഒരു രാത്രി
പുഴയില്‍ ചാടിയ പാതകള്‍
പുലര്‍ച്ചെ, പുഴയ്ക്കക്കരെ..
രണ്ടു ചെമ്മണ്‍ പാതകളായി...
ദൂരെ.. ദൂരെ..
പൊടിഞ്ഞ മണ്ണിലൂടെ ...
ഇടിയുന്ന കുന്നിലേയ്ക്കോടിക്കയറി..

Thursday 20 September 2012

മഴമനസ്സിലേക്ക്

രാവൊ'രാട്ട' രംഗമായ്, വിളക്കുവെച്ചു വാനവും..
മരങ്ങളെയ്ത പക്ഷികള്‍ മടങ്ങി; യോര്‍മ്മപെയ്തപോല്‍...
ഒരേനദിക്കരകള്‍തന്‍ നനഞ്ഞ മണ്ണിലിപ്പൊഴും
കുതിര്‍ന്നുമാഞ്ഞതില്ല നാം പതിച്ച രാഗമുദ്രകള്‍!
കഴിഞ്ഞ കാലചിത്രമോ കൊടുംവിഷാദബന്ധുരം
വിധിച്ച വര്‍ത്തമാനമോ ദരിദ്രദുഃഖസാഗരം
മരിക്കുകില്ല; സന്ധ്യകള്‍, വിരുന്നിനെത്തുമുച്ചകള്‍
മഴക്കിനാവിലേക്കെടുത്തെറിഞ്ഞുപോയ വാക്കുകള്‍
ചിരിയ്ക്കയാണൊരര്‍ത്ഥമായ് മനസ്സിലും നഭസ്സിലും
ചിരിക്കുടുക്കപൊട്ടിയാല്‍, കരഞ്ഞു പെയ്തൊടുങ്ങുവാന്‍.
ഒരേയൊരുത്തരം തിരഞ്ഞ യാത്രയോ സമാന്തരം
നമുക്കൊരേ 'പദം'; നടിച്ച 'തുത്തരാസ്വയംവരം' !
പറഞ്ഞു തീര്‍ത്തിടേണ്ട നാം പകുതി വെന്ത ജീവിതം
തിരിഞ്ഞു നോക്കിടേണ്ടിരുണ്ട ഭൂതലം ഭയാനകം!
മുറിഞ്ഞുനിന്ന വാക്കുകള്‍ക്കിടയ്ക്കടിഞ്ഞ മൂകമാ-
മിരുട്ടില്‍ വീര്‍പ്പുമുട്ടി നാം തടഞ്ഞു രാഗരശ്മിയെ.
ഒരിയ്ക്കലെങ്കിലും തുറന്നു ചൊല്ലിടാന്‍ പ്രയാസമെ-
ന്നറിഞ്ഞു സൗഹൃദത്തിനാല്‍ പൊതിഞ്ഞു സങ്കടങ്ങളെ.
കഴിഞ്ഞിടാം കഥ; യരങ്ങോരോര്‍മ്മയായ് പുലര്‍ന്നിടാം
മഴ മനസ്സിലേക്കുവീണ്ടു മൊരുജനല്‍ തുറന്നിടാം
മഴ കൊതിച്ചുമാത്ര, മാ മനസ്സുണര്‍ന്നിരിക്കുകില്‍...
മദിച്ചു പെയ്തിറങ്ങുവാന്‍, തപിച്ചു; ഞാനുയര്‍ന്നിടാം...!

Friday 14 September 2012

സുന്ദരയക്ഷി

രാവിതേറെയായ്, മനോ -
ജാലകം തുറന്നിട്ടി-
ങ്ങിരിപ്പാണൊരു വരി-
വളര്‍ന്നില്ലിതുവരെ...
ബന്ധിതം മൌനഗ്രസ്ത-
മെന്‍ഹൃദ്സ്പന്ദ, മകാ-
രണമായ് നിലച്ചെന്നോ-
ബോധത്തിനന്തര്‍ധാര?
കാറ്റടിക്കുന്നോ പന-
മ്പട്ടയില്‍, കാലൊച്ചതന്‍ -
മന്ദ്രമധുരം ചോരുന്നോ?
കാച്ചെണ്ണ മണത്തുവോ?
ദൂരെനിന്നെത്തുന്നേതു -
ഹരിതദ്യുതി പിളര്‍-
ന്നീടുന്നു, ധൂപക്കടല്‍ -
ക്കോളിലീ ജനല്‍ത്തോണി!
കണ്ണുകളവ്യക്തമാ-
ണെങ്കിലും കുറുനിര -
യിളകാതൊഴുകുന്നി -
തേതുസുന്ദര രൂപം!
യക്ഷിയാകുമോ? സൈബര്‍-
നിലാവില്‍ മുങ്ങിത്തോര്‍ത്തി
രക്തമൂറ്റുവാന്‍ വഴി -
തെറ്റിയിങ്ങണഞ്ഞതോ?
ഇല്ലിവള്‍ വിളിച്ചില്ല,
മുറുക്കാന്‍ ചോദിച്ചില്ലൊ -
രിഷ്ടവും നടിച്ചില്ല,
ചൊല്ലിയില്ലൊരു വാക്കും!
ആരു നീ? വഴിപോക്കന്‍ -
ഞാനല്ല, നീയാണെന്ന-
വാക്കു കേട്ടിട്ടും കൂസ-
ലില്ലാതെ നില്‍പ്പാണവള്‍!
ചോദ്യമതാവര്‍ത്തിക്കേ...
കണ്ടു ഞാനാകണ്ണുക-
ളെന്‍റെ കാതിലെക്കമ്മല്‍ -
ക്കല്ലുപോല്‍ തിളങ്ങുന്നു...
കാതു പൊത്തിയെന്‍ കണ്‍ക -
ളിറുക്കിയടയ്ക്കവേ,
പാലപ്പൂ മണം പര-
ന്നസ്ഥികള്‍ പൂവിട്ടുപോയ്..!

Thursday 13 September 2012

ചോദ്യം മുട്ടുമ്പോള്‍

കാല്‍പ്പനികത താളം തെറ്റിച്ച
ആരുടെ മനസ്സിലാണ്
വീണ്ടും
കലാപത്തിന്‍റെ
കരിമരുന്നൊരുങ്ങുന്നത്?
വേദനയുടെ
ഏതു സൂചീമുഖത്താണ്
പ്രണയം ഒരടയാളമാകുന്നത്?
അക്ഷരങ്ങള്‍ പൊട്ടിച്ച്
കവിതയുടെ
ക്ഷുദ്രനക്ഷത്രങ്ങള്‍
വാരി വിതറുവാന്‍
എന്നാണ് ഇനിയുമൊരാള്‍
ഉറക്കമുണര്‍ന്നെത്തുന്നത്?
മൂന്നും കൂട്ടി മുറുക്കുന്നവര്‍
ഏതു തൂവാലകൊണ്ടാണ്
കബനീനദി തുടച്ചു നീക്കാന്‍
തിടുക്കം കൂട്ടുന്നത്‌?
പകലിനെ കൂട്ടിക്കൊടുത്ത
ഏത് രാത്രിഞ്ചരനാണ്
രാവെല്ലാം ദു:ഖപൂരിതമെന്നു
വിശേഷിപ്പിക്കുന്നത്?
ആരു നല്‍കിയ
'വാസന സോപ്പാ'ണ്
അയല്‍വക്കത്തെ
വിലാസിനിച്ചേച്ചിയുടെ
കൊച്ചുമോള്‍ക്ക്
ഒരു കൈക്കുഞ്ഞിനെ
സമ്മാനിച്ചത്?
ഏതു ഭൂഖണ്ഡത്തിലേക്കാണ്
ഇപ്പോഴും അന്വേഷണത്തിന്‍റെ
പായ്ക്കപ്പലടുക്കാത്തത്?
എതു തരംഗദൈര്‍ഘ്യത്തിനിടയിലാണ്
നമുക്കു നമ്മെത്തന്നെ
നഷ്ടപ്പെടുന്നത്?
ഏത് ഉത്തരങ്ങള്‍ക്കുമുകളിലാണ്
ഞാനീ ചോദ്യങ്ങളെയെല്ലാം
ഇനിയും...
തിരുത്തി, മടക്കി,
യൊതുക്കി, ത്തിരുകി
ചേര്‍ത്തു വെയ്ക്കേണ്ടത്?

Sunday 2 September 2012

വീട് പണിയുകയാണ്

മുടങ്ങിക്കിടക്കുകയായിരുന്നു.

ചുറ്റുമുണ്ട്...
കമ്പിയും ഇരുമ്പാണിയും
ചട്ടിയും ചട്ടുകങ്ങളും
കൈക്കോട്ടും മരപ്പലകകളും.
ഇടയ്ക്കിടയ്ക്ക്
കരഞ്ഞു പോയ കര്‍ക്കിടകം
ബാക്കിവെച്ച ദിനങ്ങളും,
വെല്ലു വിളിച്ചുകൊണ്ട്
ചുറ്റിപ്പറ്റി നില്‍ക്കുന്ന
ചോര മണവും.

കേട്ടതാണ്...
അഭിമാനത്തിന്‍റെ
കല്‍ത്തൂണ്‍മേനികള്‍.
അന്തസ്സിന്‍റെ
പൂമുഖത്തിണ്ണകള്‍.
ആവശ്യത്തിന്‍റെ
ഹൃത്തള ഭംഗികള്‍.
സ്വപ്നങ്ങളുടെ
മരജനല്‍ക്കണ്ണുകള്‍.
സ്നേഹ സഹനത്തിന്‍റെ
വാതില്‍ച്ചിരികള്‍.

കണ്ടതോ?
കണ്ണീരിന്‍റെ നനവില്‍,
ദൃഡനിശ്ചയത്തിന്‍റെ
ചാരനിറം.
നന്മയില്‍ മുക്കിയ
വിശ്വാസത്തിന്‍റെ
നേര്‍പ്പടവുകള്‍.
അവക്കിടയില്‍ നിന്നും
ഊര്‍ന്നു വീഴുന്ന
വിയോജിപ്പുകളുടെ
മണ്ണടരുകള്‍.
കുതിര്‍ന്നൊലിച്ച
ചരിത്രത്തിന്റെ
ചുമരിറക്കങ്ങള്‍.

അറിയുകയാണ്,
ചെങ്കല്ലിനെ വെല്ലുന്ന
ചങ്കുറപ്പോടെ...
അമ്മ...
വീണ്ടും...