Friday 29 April 2011

വെറുതെ

 













കലൊഴിഞ്ഞു പോകുന്നു കിതക്കുമെന്‍
ഹൃദയതാളം മുഴങ്ങുന്നു പിന്നെയും
സമയസൂചി  കുഴഞ്ഞു വീണംബരം
ശോണവര്‍ണമാകുന്നു സായന്തനം

മഴ കുടിക്കുന്നു വഴിമരച്ചില്ലകള്‍ 
തിരയടിക്കുന്നു നഗര നിഴലാരവം
കാത്തിരിപ്പിന്റെ കാലഭേദങ്ങളെ 
കാതരമാക്കിടും കാവ്യമര്‍മ്മരം

കണ്ടുഞാന്‍ നിന്നെ നഷ്ടക്കിനാവിന്റെ
ചെണ്ടമല്ലികള്‍  പൂത്ത വാസന്തമായ്
ഇരുപതാണ്ടുകള്‍ക്കിക്കരെയോര്‍മ്മകള്‍  
ചിറകടിക്കുന്നു ചിന്താസരങ്ങളില്‍...

ചടുല ഭാവം പഴം ചിരി പരിഭവം
മിഴികളില്‍ മിനുങ്ങുന്ന വെണ്‍കല്ലുകള്‍  
ചെറിയ മൂക്കുത്തി പരിചയം ചൊല്ലി, വാര്‍-
മുടി മുറിച്ചതൊഴിച്ച വര്‍ണങ്ങളില്‍ 

പടുമുളം ബെഞ്ചിലെന്നോ കുറിച്ചിട്ട
വരികളായെന്റെ കരളിന്‍ തുടിപ്പുകള്‍ 
ഒരു മലഞ്ചെരിവിലലസം ഞെരിച്ചിട്ട 
മലരിലുണ്ടതിന്‍ നിറവും സുഗന്ധവും

ഒച്ചവെച്ചില്ല  നമ്മളൊട്ടും കുറേ-
യിച്ഛയോടെ  കൊതിച്ചുസൂക്ഷിച്ചവര്‍ 
അച്ഛനമ്മക്കു  കൂടപ്പിറപ്പിനാ-
യുച്ചകത്തും പ്രണയം മുറിച്ചവര്‍!

വെറിപിടിക്കുന്ന കര്‍മ്മകാണ്ഠങ്ങളില്‍ 
വീര്‍പ്പുമുട്ടുന്ന പ്രേമസംഗീതവും 
പേറിയെത്തുന്ന വണ്ടിക്കുനേരമായ്
വേറിടുന്നതെന്‍ വാക്കോ വിതുമ്പലോ? 

വണ്ടികൂവുന്നു പഥികരെല്ലാം പലേ-
വഴിമുറിക്കുന്നു പതിവുപോല്‍ പറവപോല്‍  
പിന്‍വിളിക്കു കാതോര്‍ക്കേണ്ട  പോവുക
പ്രണയസൂര്യന്‍ പുറത്തസ്തമിച്ചുപോയ്...!

വെറുതെയല്ലേയിതൊക്കെയെന്നുള്ളൊരാ-
ചോദ്യമുയരുന്ന സമചിത്തതക്കു നാം 
എങ്കില്‍ പിന്നെയെല്ലാം വെറുതെയെന്നൊരേ-
യുത്തരം നല്കി ബോധയാഥാര്‍ത്ഥ്യമായ്...
മറികടന്നവര്‍ പണ്ടേ മനസ്സിന്റെ 
മരജനല്‍പ്പാതി ചാരിപ്പിരിഞ്ഞവര്‍
നഗര വഴിവക്കിലെങ്ങോ മറഞ്ഞവര്‍
നിഴലു കാണ്‍കെ നിലാവു തിരഞ്ഞവര്‍ ...!

 പി കെ മുരളീകൃഷ്ണന്‍ 





Thursday 28 April 2011

അവസ്ഥാന്തരം












പ്രിയ സുഹൃത്തെ മറക്കാം നമുക്കിനി
പോയ നാളുകള്‍ പാഴ്ക്കിനാക്കാഴ്ചകള്‍
പ്രണയ ഗാഥകള്‍ മാധവമാക്കിയ
പകലറുതികള്‍ പാഷാണ രാത്രികള്‍
ദുരിത കാന്താര സീമകള്‍ ചുംബിച്ച
ദ്രുത വിലാപനം സാമസായന്തനം

ഇനി മറക്കാം സുഹൃത്തെ നമുക്കൊരാ-
പഴയ പാതയും രുചിത പാഥേയവും
പുകയിലച്ചുരുളിലൊരുകവിള്‍ ത്തേയില-
ക്കറയിലെരിയുന്ന ബോധ സംഘര്‍ഷവും
ഒരു വികാരം ഒരേ സ്വരം സത്വര-
മൊരു സമീരണ സമര സഞ്ചാരണം 

അറികയാണു ഞാനിന്നലെയീമെയില്‍ -
ച്ചിരിയിലൂടെ നിന്‍ കാലവും ലോകവും
വെറുതെയെന്തിനൊരോണമാശംസകള്‍
ധ്രുതി പിടിച്ച നിന്‍ ജീവിത രഥ്യയില്‍
വര്‍ഷമേറെക്കടന്നുപോയ് നിന്റെ നാ -
ത്തുമ്പിലിന്നും തുളുമ്പുന്ന വാക്കുകള്‍
ഫേഷനോ വ്രുഥാ വേഷമോ വേര്‍പാടിന്‍ -
ഭാഷയോ വേട്ടയാടും വസന്തമോ?

എന്തെഴുതും നിനക്കു ഞാനോര്‍മ്മയില്‍ -
ത്തങ്ങിനില്ക്കുന്ന ചിങ്ങ സമ്മാനമായ്
സ്മരണപോലും വിപണനം ചെയ്യുമീ-
മരണ മാത്സര്യ മാസ്മര സന്ധ്യയില്‍ 

നെടിയ തവളയെക്കൊന്ന നീര്‍ക്കോലിപോല്‍
കൊടിയ പാത വിഴുങ്ങീ വരമ്പുകള്‍
നെല്ലിപ്പൂവില്ല പൂവറുക്കാന്‍
ചോറ്റുപാത്രമില്ല ചോറില്ലാവയല്‍കളില്‍
മാളുകുട്ടിയാശാരിച്ചിയില്ല, പൂ-
വട്ടിയില്ല ചിരട്ടത്തവിയില്ല
കാളിയില്ല കണ്ടാരനില്ല, മുളം -
കുട്ടയില്ല മുറമില്ല ചന്തയില്‍ 

തുമ്പയും പൂത്തുമ്പിയും തോഴരാം
കൊച്ചുകോല്‍പ്പൂവും കോളാമ്പിച്ചേച്ചിയും
വിട്ടുപോയീ വിറങ്ങലിച്ചിപ്പൊഴും
നിന്നു തേങ്ങുന്നു കുഞ്ഞു മുക്കുറ്റികള്‍ 

പ്രിയ സുഹൃത്തെ നിന്നോര്‍മ്മക്കുറിപ്പുപോല്‍
നയന ശോഭയാകട്ടെ നിന്നോണവും
ഇതളറുക്കാതിരിക്കട്ടെ വാക്കുകള്‍
ഇമ മുറിക്കാതിരിക്കട്ടെ കാഴ്ച്ചകള്‍
ഓണമുണ്ടെന്റെ ടെലിവിഷന്‍ ചാനലില്‍
ഓണമുണ്ടെന്റെ ഈമെയില്‍ പെട്ടിയില്‍
ഓണമുണ്ടൊരു പൂക്കളപ്പോരിലു-
മോണമുണ്ടീ റെഡിമേഡു സദ്യയില്‍
അച്ചടിച്ചെത്തുമോണപ്പതിപ്പിലു-
മുണ്ടൊരോണമൊരോര്‍മ്മയായ് തേങ്ങലായ് 

അന്നൊരോണമില്ലാത്തവര്‍ക്കൂട്ടുവാന്‍
ഇന്നൊരോണമുണ്ടാക്കുവോര്‍ക്കുണ്ണുവാന്‍

പ്രിയ സുഹൃത്തെ മടക്കയാണീമെയില്‍ -
ക്കുറി, മനസ്സിന്നവസ്ഥാന്തരങ്ങളില്‍
നന്ദി ഓര്‍മ്മതന്‍ പുസ്തകത്താളിലെ
തുണ്ടു പീലിക്കു, മാവളപ്പൊട്ടിനും!


പി കെ മുരളീകൃഷ്ണന്‍